Powered By Blogger

2012 ജനുവരി 11, ബുധനാഴ്‌ച

ഐസ്‌ക്രീം കേസില്‍ ഭിന്നാഭിപ്രായം
സെക്കുലര്‍ കോണ്‍ഫറന്‍സ് പിളര്‍ന്നു
Posted on: 11 Jan 2012

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് പി.ടി.എ. റഹീമിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പിളര്‍ന്നു.

സംസ്ഥാന സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഐ.എന്‍.എല്ലില്‍ ലയിക്കാന്‍ തീരുമാനിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോവാനാണ് സെക്കുലര്‍ കോണ്‍ഫറന്‍സ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്നെയും സഹപ്രവര്‍ത്തകരെയും നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണെന്ന് എന്‍.കെ. അബ്ദുല്‍ അസീസ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റഊഫുമായി അസീസ് യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെതിരെ സെക്കുലര്‍ കോണ്‍ഫറന്‍സില്‍ നേരത്തേ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് പിളര്‍പ്പിലേക്ക് വഴിവെച്ചത്. പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അസീസിനെതിരെ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേരത്തേ എടുത്ത ലയനതീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഐ.എന്‍.എല്ലില്‍ ചേരുന്നതെന്നാണ് അസീസ് പറഞ്ഞത്. ഈ തീരുമാനം ചില തത്പരകക്ഷികള്‍ ഇടപെട്ട് പൊളിക്കുകയായിരുന്നു. അവര്‍ക്കു മാത്രമാണ് ലയനത്തില്‍ വിമുഖതയുള്ളത്. പ്രസിഡന്റ് പി.ടി.എ. റഹീമിന് ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നും അസീസ് പറഞ്ഞു. ഒരു വര്‍ഷമാവാറായിട്ടും പാര്‍ട്ടി രജിസ്‌ട്രേഷന്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്. അംഗത്വസംവിധാനം പോലുമില്ലാത്ത സംഘടനയാണ് സെക്കുലര്‍ കോണ്‍ഫറന്‍സ്. എന്താണ് ഇതിനൊക്കെ പിന്നിലെന്ന് താന്‍ അടുത്തു തന്നെ വിശദമാക്കുമെന്നും അസീസ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ സംസ്ഥാനസെക്രട്ടറി മുഹമ്മദ്കുട്ടി കച്ചേരി, വൈസ് പ്രസിഡന്റ് ദിവാകരന്‍ പള്ളത്ത്, മുഹമ്മദ്ചാമക്കാല, നാസര്‍ ചെനക്കലങ്ങാടി, വി.ടി. കെ. അബ്ദുസമദ് എന്നിവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ